ടിത്‌ സെനിത്‌: ഒരു ദുരന്തചിത്രം

ഇത്‌ ഒരു യുവാവിന്‍െറ കഥയാണ്‌.
`മരിച്ചവര്‍ക്കിടയില്‍' തന്‍െറ ഉറ്റവരെ തേടുന്ന നിസ്വനായ ഒരു യുവാവിന്‍െറ കഥ.
ടിത്‌ സെനിത്‌ എന്നാണ്‌ യുവാവിന്‍െറ പേര്‌. കംബോഡിയന്‍ തലസ്‌ഥാനമായ നോംപെനിലെ ടൂര്‍ ഗൈഡാണ്‌ സെനിത്‌. അനേകം സഞ്ചാരികളെ തന്‍െറ നാടിന്‍െറ ചരിത്രത്തിലേക്കും വര്‍ത്തമാനകാല കാഴ്‌ചകളിലേക്കും നയിക്കുന്ന സമര്‍ത്ഥനായ ഗൈഡ്‌.
കംബോഡിയയിലെ കൊച്ചുപട്ടണമായ സിയംറീപില്‍ നിന്നും ഒരു ഡൊമസ്‌റ്റിക്‌ വിമാനത്തില്‍ നോംപെന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ എന്നെ കാത്ത്‌ സെനിത്‌ അവിടെ നില്‍പ്പുണ്ടായിരുന്നു. കംബോഡിയന്‍ വംശമായ ഖമറിന്‍െറ എല്ലാ ലക്ഷണങ്ങളും തികഞ്ഞ സൗമ്യനായ ഒരു യുവാവ്‌. രണ്ടുദിവസം നോംപെന്‍ നഗരത്തിലെ മുക്കിലും മൂലയിലുംവരെ എന്നെ കൊണ്ടുപോയി. അവിടുത്തെ കാഴചകള്‍ ഷൂട്ട്‌ ചെയ്യാന്‍ സഹായിച്ചത്‌ ടിത്‌ സെനിതാണ്‌.
ദുരന്തങ്ങളുടെ രംഗഭൂമിയാണ്‌ കംബോഡിയ. യുദ്ധങ്ങളും ആഭ്യന്തരകലാപങ്ങളുംകൊണ്ട്‌ ആകെ വലഞ്ഞുപോയ ഒരു രാജ്യം. ഹിറ്റ്‌ലര്‍ക്കും അയാളുടെ നാസി പട്ടാളത്തിനും ശേഷം ലോകംകണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിയും രാഷ്‌ട്രീയപ്രസ്‌ഥാനവും ഉദയംകൊണ്ടത്‌ കംബോഡിയയിലാണ്‌. പോള്‍പോട്ട്‌ എന്ന തീവ്ര കമ്യൂണിസ്‌റ്റുകാരനും അയാളുടെ `ഖമര്‍ റൂഷ്‌' സേനയും. ഹിറ്റ്‌ലര്‍ ലക്ഷക്കണക്കിന്‌ ജൂതന്മാരെ കൊന്നൊടുക്കിയതുപോലെ പോള്‍പോട്ട്‌ തന്‍െറ നാട്ടുകാരായ പതിനാലു ലക്ഷംപേരെയാണ്‌ നാലുവര്‍ഷംകൊണ്ട്‌ കൂട്ടക്കൊല ചെയ്‌തത്‌. മരണസംഖ്യ നാല്‌പതുലക്ഷംവരെയാകാമെന്നാണ്‌ ഇതുസംബന്‌ധിച്ച്‌ പഠനം നടത്തിയ വിവിധ ഏജന്‍സികള്‍ പറയുന്നത്‌. മരണത്തിന്‍െറ നേര്‍ചിത്രങ്ങളാണ്‌ കംബോഡിയയില്‍ എവിടെയും കാണാനാവുക. ഗ്രാമങ്ങളിലും നഗരങ്ങളിലുമൊക്കെ പോള്‍പോട്ടിന്‍െറ കൊലക്കളങ്ങളും കൊലയറകളും ഇന്നും അവശേഷിക്കുന്നു. സഞ്ചാരികള്‍ക്ക്‌ കാണാനായി സംരക്ഷിച്ചുനിര്‍ത്തിയിരിക്കുകയാണ്‌ ഇപ്പോള്‍ അതൊക്കെ.
343 കില്ലിംഗ്‌ ഫീല്‍ഡുകളാണ്‌ കംബോഡിയയില്‍ ഉണ്ടായിരുന്നത്‌. തടവുകാരെ കഴുത്തുവെട്ടിയും മുളവടികൊണ്ട്‌ തലയ്‌ക്കടിച്ചുമൊക്കെ കൊന്ന്‌ കൂട്ടത്തോടെ കുഴിയിലിട്ട്‌ മൂടുകയായിരുന്നു ഖമര്‍ റൂഷിന്‍െറ പതിവ്‌. കില്ലിംഗ്‌ ഫീല്‍ഡുകളില്‍നിന്ന്‌ കുഴിച്ചെടുത്ത തലയോട്ടികളും അസ്‌ഥികളും വലിയ ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌ ഭീകരമായ കാഴ്‌ചയാണ്‌.
നോംപെനിലെ പ്രധാന കാഴ്‌ചകള്‍ എനിക്ക്‌ വിവരിച്ചുതന്നതും അവിടേക്കെല്ലാമുള്ള യാത്രാപരിപാടി ക്രമീകരിച്ചതും ടിത്‌ സെനിതായിരുന്നു. റോയല്‍ പാലസിലേക്കാണ്‌ ഞങ്ങള്‍ ആദ്യം പോയത്‌. കൊട്ടാരം ഇന്ന്‌ വലിയൊരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്‌. കൊട്ടാരത്തോട്‌ ചേര്‍ന്നുള്ള ബുദ്ധവിഹാരം, പ്രസിദ്ധമായ സില്‍വര്‍ പഗോഡ, യുദ്ധ സ്‌മാരകം, സ്വാതന്ത്ര്യസ്‌മാരകം എന്നിവയൊക്കെ കണ്ടശേഷം കുപ്രസിദ്ധമായ ഒരു കെട്ടിടത്തിനു മുന്നിലെത്തി.
പോള്‍പോട്ട്‌ യുഗത്തിലെ കൊലയറകളില്‍ ഒന്നായിരുന്നു അത്‌. ഒരുകാലത്ത്‌ നോംപെനിലെ ഏറ്റവും പ്രസിദ്ധമായ ഹൈസ്‌കൂള്‍. 1975 ല്‍ സ്‌കൂള്‍ അടച്ചുപൂട്ടിയ ഖമര്‍ റൂഷ്‌ പട്ടാളം അത്‌ തടവറയാക്കി മാറ്റി. വിദ്യാഭ്യാസമുള്ളവര്‍ ദേശവിരുദ്ധരാണെന്നായിരുന്നു ഖമര്‍ റൂഷിന്‍െറ പ്രഖ്യാപനം. അങ്ങനെ അധ്യാപകരും ഡോക്‌ടര്‍മാരും എഴുത്തുകാരും രാഷ്‌ട്രീയക്കാരും പണ്‌ഡിതരുമൊക്കെ കുടുംബസമേതം ജയിലിനകത്തായി. എസ്‌- 21 എന്നാണ്‌ ഖമര്‍ റൂഷ്‌ ഈ ജയിലിന്‌ പേരിട്ടിരുന്നത്‌.
തടവുകാരെ അതിഭീകരമാംവിധം പീഡിപ്പിക്കുന്നതില്‍ വിനോദം കണ്ടെത്തിയവരായിരുന്നു പോള്‍പോട്ടിന്‍െറ സൈനികര്‍. കൊല നടത്തുന്നതിനുള്ള പ്രാകൃതമായ കുറേ സങ്കേതങ്ങള്‍ അവര്‍ ഉപയോഗിച്ചുവന്നു. ജയിലിലേക്ക്‌ കൊണ്ടുവന്നിരുന്ന ആയിരക്കണക്കിനാളുകളെ രാത്രിയില്‍ വാഹനങ്ങളില്‍ കയറ്റി കില്ലിംഗ്‌ ഫീല്‍ഡുകളില്‍ കൊണ്ടുപോയി കൊന്നുതള്ളിക്കൊണ്ടിരുന്നു.
ഒരുകാര്യം ഖമര്‍ റൂഷ്‌ പട്ടാളം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊലപ്പെടുത്തുംമുന്‍പ്‌ തടവുകാരുടെ ഫോട്ടോകള്‍ എടുത്ത്‌ സൂക്ഷിക്കാന്‍. അത്‌ പിന്നീട്‌ ചരിത്രത്തിന്‌ വിലപ്പെട്ട തെളിവായി.
`ടോള്‍ സ്‌ളെങ്‌' എന്നറിയപ്പെടുന്ന എസ്‌-21 ജയിലില്‍ ഏതാനും ഹാളുകള്‍ നിറയെ ഇത്തരം ചിത്രങ്ങള്‍ ഇന്ന്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ആയിരക്കണക്കിന്‌ ചിത്രങ്ങള്‍.
ഞാന്‍ അതൊക്കെ ഷൂട്ട്‌ ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ വളരെ അസ്വസ്‌ഥനായിരുന്നു ടിത്‌ സെനിത്‌. ചിത്രങ്ങള്‍ക്കിടയിലൂടെ അയാള്‍ അങ്ങുമിങ്ങും നടക്കുന്നു. ചിലപ്പോള്‍ ഒരിടത്തുനിന്ന്‌ ചില ചിത്രങ്ങള്‍ സൂക്ഷ്‌മതയോടെ വീക്ഷിക്കുന്നു.
എട്ടുവര്‍ഷമായി നോംപെനില്‍ ടൂര്‍ ഗൈഡാണ്‌ താനെന്ന്‌ അയാള്‍ നേരത്തേ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. അന്നുമുതല്‍ ഈ ജയില്‍ മ്യൂസിയത്തില്‍ സഞ്ചാരികളുമായി എത്തുന്നയാള്‍.
എന്നിട്ടും എന്തേ ഈ അസ്വസ്‌ഥത?
ഞാന്‍ സംശയം അയാളോടുതന്നെ ചോദിച്ചു.
മറുപടിയായി സെനിത്‌ പറഞ്ഞത്‌ ദീര്‍ഘമായ ഒരു കഥയാണ്‌. അത്‌ അയാളുടെ ജീവിതദുരന്തത്തിന്‍െറ കഥതന്നെയായിരുന്നു.
കഥയിതാണ്‌.
1975-ല്‍ പോള്‍പോട്ടിന്‍െറ നേതൃത്വത്തില്‍ ഖമര്‍ റൂഷ്‌ പട്ടാളം കംബോഡിയയുടെ ഭരണം പിടിച്ചെടുക്കുന്നതുവരെ സന്തോഷത്തോടെ കഴിഞ്ഞുവന്ന കുടുംബമായിരുന്നു ടിത്‌ സെനിതിന്‍േറത്‌. നോംപെന്‍ നഗരത്തിന്‍െറ ഒരു കോണില്‍ അച്ഛനും അമ്മയും കുഞ്ഞുങ്ങളുമെല്ലാമടങ്ങുന്ന ആ കുടുംബം ജീവിച്ചു.
ഖമര്‍ റൂഷ്‌ അധികാരത്തില്‍ വന്നതോടെ നോംപെനിലെ മറ്റു പല കുടുംബങ്ങളുമെന്നപോലെ ടിത്‌ സെനിതിന്‍െറ കുടുംബവും ചിതറിത്തെറിച്ചുപോയി. അയാളുടെ അച്ഛനും അമ്മയും ജ്യേഷ്‌ഠനുമെല്ലാം തടവിലായി. അവരെ കൊണ്ടുപോയത്‌ ടോള്‍സ്ലെങ്‌ എന്ന ഈ ജയിലിലേക്കായിരുന്നു എന്നത്‌ അന്ന്‌ ചെറിയ കുഞ്ഞായിരുന്ന സെനിത്‌ ഓര്‍ക്കുന്നു.
ഏതോ ഒരു വിദൂരഗ്രാമത്തിലേക്ക്‌ നയിക്കപ്പെട്ട ആ കുഞ്ഞ്‌ ആരുടെയെല്ലാമോ കാരുണ്യംകൊണ്ട്‌ വളര്‍ന്നു. പോള്‍പോട്ട്‌ യുഗം അവസാനിച്ചശേഷവും അവന്റെ ഉറ്റവരൊന്നും തിരികെ വന്നില്ല. ഒരിക്കലും തിരിച്ചുവരാനാകാത്ത ലോകത്തേക്ക്‌ അവര്‍ കടന്നുപോയിക്കഴിഞ്ഞിരുന്നു.
ഖമര്‍ റൂഷ്‌ ഭരണം അവസാനിച്ചശേഷം 1980 ല്‍ ടിത്‌ സെനിത്‌ ഒരു അനാഥാലയത്തിലേക്ക്‌ അയയ്‌ക്കപ്പെട്ടു. അവിടെ നിന്നാണ്‌ അയാള്‍ വിദ്യാഭ്യാസവും ഇംഗ്ലീഷ്‌ സംസാരിക്കാനുള്ള കഴിവും നേടിയത്‌. പിന്നെ നോംപെനില്‍ തിരിച്ചെത്തി ടൂര്‍ ഗൈഡായി.
`എട്ടുവര്‍ഷമായി ഇവിടെ വരുന്നു. എന്നും ഞാന്‍ ഈ ചിത്രങ്ങളില്‍ എന്‍െറ അച്ഛനെയും അമ്മയെയും സഹോദരനെയുമൊക്കെ തിരയും. എന്നെങ്കിലും അവരുടെ മുഖം തിരിച്ചറിയാനാകുമെന്നാണ്‌ എന്‍െറ പ്രതീക്ഷ.
- സെനിത്‌ പറഞ്ഞുനിര്‍ത്തി. സൗമ്യനായ ആ യുവാവിന്‍െറ ദുഃഖമുറഞ്ഞ മുഖം ഇന്നും ഓര്‍മ്മയിലുണ്ട്‌. കംബോഡിയയില്‍ ദുരന്തം ഏറ്റുവാങ്ങി ജീവിക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ്‌ ടിത്‌ സെനിത്‌.
അയാള്‍ക്ക്‌ തന്‍െറ ഉറ്റവരെ ചിത്രങ്ങളായെങ്കിലും കണ്ടെത്താനാവുമോ?