ആദ്യയാത്രയിലെ സ്വീകരണം

മഞ്ഞുറഞ്ഞു നില്‍ക്കുന്ന ഹിമാലയന്‍ പര്‍വതമുനകള്‍. നെല്‍വയലുകളുടെ താഴ്‌വാരങ്ങള്‍. മഹാക്ഷേത്രങ്ങള്‍. മലകളില്‍നിന്ന്‌ സമതലങ്ങളിലേക്ക്‌ ഇറങ്ങിപ്പോകുന്ന നീര്‍ച്ചാലുകള്‍... ഒരു ചെറുവിമാനത്തിന്‍െറ കോക്‌പിറ്റില്‍ രണ്ട്‌ പൈലറ്റുമാരുടെ നടുവിലിരുന്ന്‌ താഴെയുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരാവേശമായിരുന്നു എന്റെ ഉള്ളില്‍. ആദ്യമായി ഒരു വിദേശരാജ്യത്തിനുമുകളില്‍ പറക്കുകയാണ്‌. അതിന്‍െറ ഉത്‌കണ്‌ഠ ഇല്ലാതില്ല. പക്ഷേ, ഈ പൈലറ്റുമാര്‍ നല്‍കിയ സ്വീകരണവും സ്‌നേഹവും ആകുലതകളെല്ലാം അകറ്റുന്നതാണ്‌. `സഞ്ചാരം' എന്ന പദ്ധതി മനസില്‍ കുടിയേറിയ കാലം. ലോകരാജ്യങ്ങളിലൂടെ തനിയെ യാത്രചെയ്‌ത്‌ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുക. അതൊരു ഭ്രാന്തന്‍ ആശയം തന്നെയാണെന്ന്‌ കേട്ടവരൊക്കെ പറഞ്ഞു. അറിയാത്തനാടുകളിലൂടെ തനിയെ സഞ്ചരിക്കുന്നതിന്‍െറ `റിസ്‌ക്‌' ബോധ്യപ്പെടുത്താനും ചിലര്‍ ശ്രമിച്ചു. അതുകൊണ്ട്‌ ആരോടും യാത്രയെപ്പറ്റി പറഞ്ഞില്ല. പരീക്ഷണമെന്ന നിലയില്‍ നേപ്പാളിലേക്ക്‌ പുറപ്പെട്ടു. അത്യാവശ്യസാമഗ്രികളടങ്ങിയ ബാഗ്‌ പുറത്ത്‌. സാമാന്യം ഭാരമുള്ള ഒരു വീഡിയോക്യാമറ ചുമലില്‍. കൊച്ചിയില്‍നിന്നും ഉത്തര്‍പ്രദേശിലെ ഗോരഖ്‌പൂര്‍ വരെ ട്രെയിനിലായിരുന്നു യാത്ര. അവിടെനിന്നും സുനോളി വരെ ബസില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിപട്ടണമാണ്‌ സുനോളി. ബസ്‌ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നില്‍ക്കും. അവിടെനിന്ന്‌ നേപ്പാളിലേക്ക്‌ നടന്ന്‌ കയറണം. അങ്ങനെ, സഞ്ചാരത്തിലെ ആദ്യരാജ്യത്തേക്ക്‌ നടന്നാണ്‌ പോയത്‌. നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന്‌ പൊഖ്‌റ എന്ന സുഖവാസനഗരംവരെ വീണ്ടും ബസില്‍. അവിടെനിന്ന്‌ കാഠ്‌മണ്‌ഡുവിലേക്കും ബസ്‌ യാത്രയാണ്‌ ഉദ്ദേശിച്ചിരുന്നത്‌. പക്ഷേ, പൊഖ്‌റയില്‍ താമസിച്ച്‌ റിസോര്‍ട്ടിലുണ്ടായിരുന്നവര്‍ വിമാനയാത്രയ്‌ക്ക്‌ പ്രോത്‌സാഹിപ്പിച്ചു. എണ്ണൂറ്‌ രൂപ നല്‍കിയാല്‍ പൊഖ്‌റയില്‍നിന്ന്‌ കാഠ്‌മണ്‌ഡുവിലേക്ക്‌ വിമാനത്തില്‍ പറക്കാം. ചെറിയ വിമാനത്താവളം. ചെറിയ വിമാനം. നാല്‍പ്പതുപേര്‍ക്ക്‌ സഞ്ചരിക്കാവുന്ന ഒരു പഴയ `ആവ്‌റോ' വിമാനമാണത്‌. യാര്‍ഡിലൂടെ നടക്കുമ്പോഴും വിമാനത്തില്‍ കയറുമ്പോഴുമൊക്കെ ക്യാമറ ഓണ്‍ ചെയ്‌തുവച്ചു. ജനലരികിലുള്ള ഒരു സീറ്റ്‌ ലഭിക്കണേ എന്നായിരുന്നു പ്രാര്‍ത്ഥന. പുറത്തെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താമല്ലോ. പക്ഷേ കിട്ടിയത്‌ നടുഭാഗത്തെ സീറ്റ്‌. ഇരുവശത്തും നേപ്പാളികള്‍ ഇരിക്കുന്നു. ക്യാമറ പുറത്തേക്കൊന്ന്‌ തിരിക്കാനാവില്ല. തിരിച്ചിട്ട്‌ കാര്യവുമില്ല. മുന്നില്‍ ഏതാനും സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്‌. അതിലൊന്ന്‌ കിട്ടിയാല്‍ കാര്യം കുറേ എളുപ്പമാകുമായിരുന്നു. എയര്‍ഹോസ്‌റ്റസ്‌ അടുത്തുവന്നപ്പോള്‍, മടിച്ചുമടിച്ച്‌ കാര്യം അവതരിപ്പിച്ചു. ആ നേപ്പാളി പെണ്ണ്‌ ഇടുങ്ങിയ കണ്ണുകൊണ്ട്‌ എന്നെയൊന്ന്‌ സൂക്ഷിച്ച്‌ നോക്കി. `കാത്തിരിക്കൂ' എന്ന്‌ മറുമൊഴി തരികയും ചെയ്‌തു. വിമാനം പറന്നുതുടങ്ങി. ഇനി കാത്തിരുന്നിട്ട്‌ കാര്യമില്ല. ക്യാമറ ജാലകത്തിലേക്ക്‌ തിരിച്ചു. പുറത്തെ ഇത്തിരിക്കാഴ്‌ചകള്‍ ഷൂട്ട്‌ ചെയ്യാന്‍ ആരംഭിച്ചു. പെട്ടെന്ന്‌ എയര്‍ഹോസ്‌റ്റസ്‌ മുന്നിലെത്തി. `താങ്കളെ പൈലറ്റ്‌ വിളിക്കുന്നു.' ഞാന്‍ ഞെട്ടി. വിമാനത്തില്‍ ക്യാമറ ഓണ്‍ ചെയ്യുന്നത്‌ അപരാധമാണോ? എന്തും വരട്ടെയെന്നുകരുതി നേപ്പാളിതരുണിയുടെ പിറകെ നടന്നു. അവള്‍ കോക്‌പിറ്റിന്‍െറ വാതില്‍ തുറന്ന്‌ എന്നെ അതിനകത്തേക്ക്‌ നയിച്ചു. വിമാനം അപ്പോള്‍ ഹിമാലയത്തിനു മുകളിലൂടെ പറക്കുകയായിരുന്നു. കോക്‌പിറ്റില്‍ രണ്ടുപേരാണുള്ളത്‌. ചുളിഞ്ഞ നെറ്റിയും പതിഞ്ഞമൂക്കുമുള്ള പൈലറ്റ്‌. ചെറുപ്പക്കാരനായ കോ-പൈലറ്റും. അവര്‍ക്കു പിന്നില്‍ അപരാധിയെപ്പോലെ നിന്നു. ആരാണ്‌, എവിടെ നിന്നാണ്‌, എന്താണ്‌ ലക്ഷ്യം തുടങ്ങി കുറേ ചോദ്യങ്ങള്‍ വന്നു പൈലറ്റിന്‍െറ വകയായി. അതിനൊക്കെ കൃത്യമായി ഉത്തരം നല്‍കി. പൈലറ്റ്‌ പൊട്ടിച്ചിരിച്ചു. `അവിടെ, ആ ജനക്കൂട്ടത്തിനിടയിലിരുന്ന്‌ നിങ്ങള്‍ എങ്ങനെ ഞങ്ങളുടെ നാട്‌ ഷൂട്ട്‌ ചെയ്യും? വരൂ, ഇവിടെ ഇരിക്കൂ...' പൈലറ്റുമാര്‍ക്കു മധ്യേ, കോക്‌പിറ്റിന്‍െറ വാതിലില്‍ ഘടിപ്പിച്ച്‌, മടക്കിവച്ചിരുന്ന ഒരു സീറ്റ്‌ അയാള്‍ നിവര്‍ത്തിയിട്ടു. തെല്ലൊരമ്പരപ്പോടെ ഞാനതിലിരുന്നു. നേപ്പാളിപ്പെണ്ണ്‌ പുഞ്ചിരിയുമായി പിറകില്‍ നില്‍പ്പുണ്ടായിരുന്നു. ഗൂര്‍ഖാലാന്‍ഡും നേപ്പാളിലെ നിരവധി ഗ്രാമങ്ങളും പ്രശസ്‌തമായ ക്ഷേത്രങ്ങളും എല്ലാം ആ പൈലറ്റ്‌ കൈചൂണ്ടി കാണിച്ചുതന്നുകൊണ്ടിരുന്നു. ചിലയിടത്തെത്തുമ്പോള്‍ വിമാനം മെല്ലെ ചെരിച്ച്‌, എനിക്ക്‌ കൂടുതല്‍ ഭംഗിയായി ചിത്രീകരിക്കാന്‍ അവസരം ഉണ്ടാക്കാനും നിസ്വനായ ആ വൈമാനികന്‍ മടിച്ചില്ല. രത്തന്‍ലാമ എന്നായിരുന്നു അയാളുടെ പേര്‌. രസകരമായിരുന്നു ആ വിമാനയാത്ര. കാഠ്‌മണ്‌ഡുവിലിറങ്ങി രത്തന്‍ലാമയോട്‌ യാത്രപറയുമ്പോള്‍ എന്‍െറ മിഴികള്‍ നനഞ്ഞിരുന്നു. ഇന്നുമോര്‍ക്കുന്നു. സഞ്ചാരത്തിന്‌ ലഭിച്ച ആദ്യ പ്രോത്‌സാഹനം രത്തന്‍ലാമ എന്ന ആ പൈലറ്റില്‍ നിന്നായിരുന്നു.