ലണ്ടന്‍യാത്രയിലെ മണ്ടത്തരങ്ങള്‍

ഒരാള്‍ക്ക്‌ കഷ്‌ടിച്ച്‌്‌ നിന്നുതിരിയാനിടമുള്ള ടെലഫോണ്‍ ബൂത്ത്‌. അതിനുള്ളില്‍ തണുത്ത്‌ മരവിച്ച്‌ മൂന്നുമണിക്കൂര്‍ നില്‍പ്പ്‌. ടെലഫോണ്‍ ബൂത്തിന്റെ ഭിത്തിയില്‍ നിരന്നിരിക്കുന്ന അര്‍ധനഗ്‌നകളും നാമമാത്ര വസ്‌ത്രധാരികളുമായ പെണ്ണുങ്ങളുടെ ചിത്രങ്ങള്‍. ആദ്യ ലണ്ടന്‍ യാത്രയില്‍ പിണഞ്ഞ അമളിയും ദുരിതവുമൊക്കെ ഇന്ന്‌ ഓര്‍ക്കുമ്പോള്‍ ചിരിക്ക്‌ വകനല്‍കുന്ന നേരമ്പോക്കുകളാണ്‌.
ആദ്യ യൂറോപ്യന്‍ യാത്രയിലാണ്‌ സംഭവം. യൂറോപ്പിലെ തണുപ്പിനെക്കുറിച്ചൊക്കെ അന്ന്‌ കേട്ടറിവേയുള്ളൂ. അതുകൊണ്ടുതന്നെ ഊട്ടിയാത്രയിലൊക്കെ കരുതുന്നവിധം ചെറിയ സന്നാഹങ്ങളേ കൂടെയുണ്ടായിരുന്നുള്ളൂ. കട്ടികുറഞ്ഞ ഒരു സ്വെറ്ററും രോമത്തൊപ്പിയും മാത്രം.
യൂറോപ്പിലൂടെയുള്ള ദീര്‍ഘമായ സഞ്ചാരത്തിനുശേഷം ഒരു വൈകുന്നേരമാണ്‌ ലണ്ടനില്‍ എത്തിയത്‌. കേട്ടറിവുമാത്രമുള്ള ആ മഹാനഗരത്തില്‍ വന്നിറങ്ങിയപ്പോള്‍ ആഹ്‌ളാദത്തോടൊപ്പം ചെറിയൊരങ്കലാപ്പും ഉള്ളിലുണ്ടായിരുന്നു. അന്ന്‌ രാത്രി ഹോട്ടല്‍ മുറിയില്‍ത്തന്നെ കഴിച്ചുകൂട്ടി. പിറ്റേന്ന്‌ രാവിലെമുതല്‍ `ബിഗ്‌ബസ്‌' കമ്പനിയുടെ ഒരു ഡബിള്‍ഡക്കര്‍ ബസില്‍കയറി നഗരം ആകെയൊന്നു കറങ്ങാനും ക്യാമറയില്‍ പകര്‍ത്താനുമായിരുന്നു എന്‍െറ തീരുമാനം. ലണ്ടനിലെ പ്രശസ്‌തമായ ബസ്‌ ഓപ്പറേറ്ററാണ്‌ ബിഗ്‌ബസ്‌. നഗരം കാണാന്‍ ഏറ്റവും നല്ല മാര്‍ഗം ബിഗ്‌ബസിന്‍െറ ഡബിള്‍ ഡക്കറില്‍ മേല്‍ക്കൂരയില്ലാത്ത മുകള്‍ത്തട്ടിലിരിക്കുകയാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. കാഴ്‌ചകള്‍ ചിത്രീകരിക്കാനും അത്‌ ഏറെ സഹായകമാവും. ടൂര്‍ കമ്പനിയില്‍ നിന്ന്‌ ബിഗ്‌ബസിന്‍െറ ടിക്കറ്റൊക്കെ നേരത്തെ സംഘടിപ്പിച്ചുവച്ചിട്ടുണ്ട്‌.
ഏത്‌ നഗരത്തിലെത്തിയാലും പരമാവധി നേരത്തേ മുറിയില്‍നിന്നിറങ്ങി കാഴ്‌ചകള്‍ ഷൂട്ട്‌ചെയ്‌തുതുടങ്ങുക ഒരു ശീലമാണ്‌. അതിന്‌ കാരണങ്ങള്‍ പലതുണ്ട്‌. പ്രഭാതത്തിലെ നടപ്പ്‌ വലിയ ക്ഷീണമുണ്ടാക്കില്ല. ഉണര്‍ന്നുതുടങ്ങുന്ന നഗരത്തിലെ അപൂര്‍വമായ ചില കാഴ്‌ചകള്‍ ക്യാമറയ്‌ക്കു മുന്നില്‍ വന്നുപെടും. നഗരത്തില്‍ തിരക്ക്‌ കുറവായിരിക്കും. ഇങ്ങനെ പോകുന്നു കാരണങ്ങള്‍. നഗരം ലണ്ടനാകുമ്പോള്‍ നഷ്‌ടപ്പെടുന്ന ഓരോ നിമിഷത്തിനും വിലയുണ്ട്‌. അത്‌ മനസ്സിലാക്കി രാവിലെ ആറുമണിക്കുതന്നെ ക്യാമറയെല്ലാമൊരുക്കി, സ്വെറ്ററും തൊപ്പിയും ധരിച്ച്‌ മുറിയില്‍നിന്ന്‌ പുറത്തുചാടി.
ഹോട്ടലില്‍നിന്നും കുറച്ചകലെയാണ്‌ ബിഗ്‌ബസ്‌ കമ്പനിയുടെ ബസുകള്‍ സിറ്റിടൂറിന്‌ ആളെക്കയറ്റുന്ന സ്‌റ്റോപ്പ്‌. അവിടംവരെ നടക്കുകതന്നെ വേണം.
തണുപ്പിനെക്കുറിച്ചുള്ള എല്ലാധാരണകളും മാറ്റിമറിക്കുകയായിരുന്നു ആ പ്രഭാതം. കൊടുംതണുപ്പ്‌. മഞ്ഞ്‌ പെയ്‌തുകൊണ്ടിരിക്കുന്നു. റോഡിലും നടപ്പാതയ്‌ക്കരികിലെ പുല്‍ത്തകിടിയിലുമൊക്കെ ഐസ്‌ വീണുകിടക്കുന്നു. ഭാരമേറിയ ഒരു വീഡിയോ ക്യാമറയാണ്‌ അന്ന്‌ കൈവശമുള്ളത്‌. അതും തോളിലേറ്റി കുറച്ചുദൂരം നടന്നപ്പോഴേക്കും ക്ഷീണിച്ചു.
മഞ്ഞുവീണ്‌ രോമത്തൊപ്പിയും സ്വെറ്ററും കുതിര്‍ന്നിരിക്കുന്നു. തണുപ്പ്‌ ശക്‌തിയോടെ ശരീരത്തിലേക്ക്‌ ഇറങ്ങിവരികയാണ്‌. അല്‍പനേരം കയറിനില്‍ക്കാനൊരിടം കൂടി എങ്ങും കാണുന്നില്ല. റോഡിനിരുവശത്തും ലണ്ടന്റെ പ്രൗഢിയാര്‍ന്ന മന്ദിരങ്ങളാണ്‌. ഈ മന്ദിരങ്ങള്‍ക്കൊന്നും തിണ്ണകളില്ല. ഒന്നുകില്‍ കെട്ടിടത്തിനകത്ത്‌ നില്‌ക്കാം അല്ലെങ്കില്‍ തെരുവില്‍. യൂറോപ്പിലാകെയുള്ള കെട്ടിട നിര്‍മ്മാണശൈലി ഇതാണ്‌.
പാതയില്‍ വാഹനത്തിരക്കില്ല. റോഡരികിലൊന്നും ഒരു മനുഷ്യനെയും കാണുന്നുമില്ല. ഒരുവിധത്തില്‍ ബസ്‌ സ്‌റ്റോപ്പിലെത്തിയപ്പോഴേക്കും കൈകാലുകളെല്ലാം മരവിച്ചിരുന്നു. ബസ്‌ സ്‌റ്റോപ്പില്‍ ഒരു ബസുമില്ല. യാത്രക്കാരോ ജീവനക്കാരോ ആരുമില്ല.
സ്‌റ്റോപ്പ്‌ മാറിപ്പോയോ?
ടിക്കറ്റില്‍ ചെറിയൊരു മാപ്പുണ്ട്‌. അതില്‍ സ്‌റ്റോപ്പുകളൊക്കെ വ്യക്‌തമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്‌. പോക്കറ്റില്‍നിന്നും ടിക്കറ്റെടുത്ത്‌ പരിശോധിച്ചു.
തെറ്റിയിട്ടില്ല. സ്‌ഥലം ഇതുതന്നെ. മഞ്ഞുവീഴ്‌ചയ്‌ക്ക്‌ ശമനമൊന്നുമില്ല.
അധികനേരം ഇവിടെ ഇങ്ങനെ നിന്നാല്‍ ഏതവസ്‌ഥയിലാണ്‌ നാട്ടില്‍ തിരിച്ചെത്തുകയെന്ന്‌ പറയാനാവില്ല. ബസ്‌ വരുന്ന ലക്ഷണമില്ല. തല്‍ക്കാലത്തേക്ക്‌ കയറിനില്‍ക്കാനൊരിടമാണ്‌ ആവശ്യം.
ബസ്‌ സ്‌റ്റോപ്പിനടുത്ത്‌ ഒരു ടെലഫോണ്‍ ബൂത്തുണ്ട്‌. ഒരാള്‍ക്ക്‌ കഷ്‌ടിച്ച്‌ കയറിനില്‍ക്കാനുള്ള സൗകര്യമേ അതിനകത്തുള്ളൂ. ബൂത്തിലേക്ക്‌ കയറി വാതിലടച്ചു. തെല്ലൊരാശ്വാസമായി. ബൂത്തിന്‍െറ ചുമരില്‍ നിറയെ പെണ്ണുങ്ങള്‍ നിരന്നിരിക്കുന്നു. പല പോസുകളില്‍. കാള്‍ ഗേള്‍സിന്‍െറ പരസ്യമാണ്‌. അര്‍ധനഗ്‌നകളും അല്‌പവസ്‌ത്രധാരികളുമൊക്കെയായ പെണ്ണുങ്ങളുടെ ചിത്രത്തിനടിയില്‍ അവരെ വിളിക്കേണ്ട ഫോണ്‍ നമ്പരുകളുമുണ്ട്‌.
വലിയ സ്‌തനങ്ങളും നിതംബവുമൊക്കെ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ പെണ്ണുങ്ങള്‍ ഭിത്തിയിലിരുന്ന്‌ എന്നെനോക്കി ചിരിക്കുന്നു.
മണിക്കൂറുകള്‍ കടന്നുപോയി.
ബസ്‌ വരുന്നില്ല.
കാത്തുനില്‍പ്പ്‌ തുടങ്ങിയിട്ട്‌ മൂന്നു മണിക്കൂറെങ്കിലും കഴിഞ്ഞിരിക്കുന്നു. ഇന്നിനി ബസ്‌ വരില്ലെന്നുണ്ടോ?
ബിഗ്‌ബസ്‌ കമ്പനിയുടെ ടിക്കറ്റ്‌ ഒന്നുകൂടി വിശദമായി പരിശോധിച്ചു. വിവരം അതിലുണ്ട്‌.
സാധാരണ ദിവസങ്ങളില്‍ രാവിലെ ഏഴുമണി മുതലാണ്‌ ബസുകളുടെ
സിറ്റിടൂര്‍.
ഞായറാഴ്‌ചകളില്‍ പത്തുമണിമുതലും.
അന്ന്‌ ഞായറാഴ്‌ചയായിരുന്നു!