ഒളിമ്പിക്‌സും ചൈനീസ്‌ ആത്‌മധൈര്യവും

അടുത്തതവണ ഒളിമ്പിക്‌സിന്‌ ആതിഥ്യമരുളുക തങ്ങളായിരിക്കുമെന്ന്‌ ഒരു രാജ്യം സ്വയം തീരുമാനിക്കുക. അതിനുള്ള അടിസ്‌ഥാന സൗകര്യങ്ങളുണ്ടാക്കുന്ന ജോലികള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പേ തുടങ്ങുക. ഒളിമ്പിക്‌സിന്റെ `കൗണ്ട്‌ ഡൗണ്‍ ക്ലോക്ക്‌' നഗരങ്ങളില്‍ സ്‌ഥാപിക്കുക.
അസാമാന്യമായ ആത്‌മധൈര്യമുള്ള ഒരു രാജ്യത്തിനു മാത്രമേ ഇതൊക്കെ സാധ്യമാകൂ. നമ്മുടെ അയല്‍രാജ്യമായ ചൈന, അചഞ്ചലമായ ആത്‌മവിശ്വാസത്തോടെ ആ വിജയം നേടിയെടുക്കുകയായിരുന്നു. `സഞ്ചാര'ത്തിനിടയില്‍ എന്നെ അത്‌ഭുതപ്പെടുത്തിയ ചൈനീസ്‌ വിജയദൃശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ അത്‌.
സഞ്ചാരം ഷൂട്ടിംഗിനായി രണ്ടുതവണ ചൈനയില്‍ പോയിട്ടുണ്ട്‌. ഓരോ തവണയും ആ രാജ്യം നേടുന്ന വളര്‍ച്ച നേരില്‍ക്കണ്ട്‌ അയല്‍രാജ്യക്കാരനെന്ന നിലയില്‍ അത്‌ഭുതത്തോടെ നിന്നിട്ടുണ്ട്‌.
രണ്ടായിരത്തിലാണ്‌ ആദ്യമായി ചൈനയിലെത്തിയത്‌. തലസ്‌ഥാനമായ ബീജിംഗ്‌, ഷാങ്‌ഹായ്‌ എന്നീ നഗരങ്ങളാണ്‌ അന്ന്‌ സന്ദര്‍ശിച്ചത്‌. തായ്‌ലാന്റിന്‍െറ തലസ്‌ഥാനമായ ബാങ്കോക്കില്‍നിന്നും പുറപ്പെട്ട്‌ ഒരു പുലര്‍കാലത്ത്‌ ഷാങ്‌ഹായിലാണ്‌ ആദ്യമെത്തിയത്‌. `നോക്കി നില്‍ക്കേ നഗരം വളരുന്നത്‌ കാണാം' എന്നത്‌ ഷാങ്‌ഹായ്‌ നഗരത്തെ സംബന്‌ധിച്ചിടത്തോളം അതിശയോക്‌തിയല്ല. നിമിഷംപ്രതി വളരുന്ന നഗരമാണത്‌. ഉള്‍ക്കടലിനു ചുറ്റുമായി മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മനോഹരമന്ദിരങ്ങള്‍. അതിനിടയിലും ചൈനയുടെ പൗരാണികമായ കാഴ്‌ചകള്‍ ഏറെയുണ്ട്‌. പഴയ ക്ഷേത്രനഗരമായ ഡൗണ്‍ ടൗണ്‍,
അവിടുത്തെ ചെങ്ങുവാങ്‌ മിയാവോ ക്ഷേത്രം, യുയുവാന്‍ ഗാര്‍ഡന്‍ എന്നുപേരുള്ള പുരാതന കെട്ടിടസമുച്ചയം, അവിടെ പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച `സിഗ്‌സാഗ്‌' പാലം, പാലത്തില്‍ പരമ്പരാഗത ചൈനീസ്‌ കലാപരിപാടികള്‍ അവതരിപ്പിച്ചുനില്‍ക്കുന്ന കലാകാരന്‍മാര്‍ എന്നിവയൊക്കെ എന്‍െറ ക്യാമറയ്‌ക്ക്‌ വിരുന്നാവുകയായിരുന്നു. ഹുവാങ്‌പു നദിയിലൂടെ നീങ്ങുന്ന ബോട്ടുകളാണ്‌ രസകരമായ മറ്റൊരു കാഴ്‌ച. ഷാങ്‌ഹായുടെ ഉള്‍നാടുകളില്‍ നിന്നും ചരക്കുമായി എത്തുന്ന ബാര്‍ജുകളും യാത്രാബോട്ടുകളും പഴയ രീതിയിലുള്ള ഉല്ലാസ നൗകകളുമൊക്കെ ഒരു ജലഘോഷയാത്രപോലെ നീങ്ങുന്നത്‌ ഏതുനേരവുമുള്ള കാഴ്‌ചയാണ്‌. പതിനെട്ടാം നൂറ്റാണ്ടുമുതല്‍ ചൈനയിലെ ഒരു പ്രധാന വാണിജ്യ തുറമുഖമാണല്ലോ ഷാങ്‌ഹായ്‌. അഴിമുഖത്ത്‌ ചരക്കുകപ്പലുകള്‍ കാത്തുകിടന്നപ്പോള്‍ കരയില്‍ വൈദേശിക വാണിജ്യ കുത്തകകളുടെ കാര്യാലയങ്ങള്‍ ഉയര്‍ന്നു. വമ്പന്‍ ബാങ്കുകളും. ഷാങ്‌ഹായിലെ കാഴ്‌ചകളിലൂടെ അന്ന്‌ ഏറെനേരം നടന്നു.
നഗരത്തിന്‍െറ ഒരുഭാഗത്ത്‌ വലിയൊരു പാര്‍ക്ക്‌ തലേദിവസം ഉദ്‌ഘാടനം ചെയ്യപ്പെട്ടിരുന്നു. അത്‌ഭുതകരമായ നിര്‍മ്മിതിയാണ്‌ അതെന്ന്‌ പറഞ്ഞത്‌ താമസിച്ച ഹോട്ടലിലെ ജോലിക്കാരാണ്‌. എങ്കില്‍ അതൊന്ന്‌ സന്ദര്‍ശിക്കണമെന്ന്‌ തീരുമാനിച്ചു. ഹോട്ടലിലെ ട്രാവല്‍ ഡെസ്‌കില്‍നിന്നും പാര്‍ക്കിലേക്കുള്ള വഴി ചോദിച്ച്‌ മനസ്സിലാക്കി പുറപ്പെട്ടു.
ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനിലാണ്‌ സെഞ്ച്വറിപാര്‍ക്ക്‌ എന്നറിയപ്പെടുന്ന ആ ഉദ്യാനത്തിലേക്ക്‌ പുറപ്പെട്ടത്‌. വെട്ടിത്തിളങ്ങുന്ന ഭൂഗര്‍ഭസ്‌റ്റേഷന്‍ യൂറോപ്യന്‍ നഗരങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകളോട്‌ കിടപിടിക്കുന്നതാണ്‌. ട്രെയിനുകളാകട്ടെ അത്യാകര്‍ഷകവും.
കമ്പാര്‍ട്ടുമെന്‍റില്‍ എന്‍െറ സമീപത്തിരുന്ന ചീനന്‌ ഇംഗ്ലീഷ്‌ അറിയാം. അയാള്‍ സെഞ്ച്വറി പാര്‍ക്കിനെക്കുറിച്ച്‌ എന്നോട്‌ താത്‌പര്യപൂര്‍വം സംസാരിച്ചുകൊണ്ടിരുന്നു. ഭൂമിക്കടിയിലൂടെ, ഗുവാങ്‌പു നദിക്കടിയിലെ ടണലുകളിലൂടെ സഞ്ചരിച്ച്‌ ട്രെയിന്‍ സെഞ്ച്വറി പാര്‍ക്ക്‌ സ്‌റ്റേഷനില്‍നിന്നു.
സ്‌റ്റേഷനില്‍നിന്നും മുകളിലേക്ക്‌ ഇരുപതോളം എസ്‌കലേറ്ററുകള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. എങ്ങും സമ്പന്നതയുടെ കാഴ്‌ചകള്‍ മാത്രം. എസ്‌കലേറ്ററില്‍ കയറിയെത്തുന്നത്‌ സെഞ്ച്വറി പാര്‍ക്കിന്‍െറ മുന്നിലാണ്‌. തലേന്ന്‌ നടന്ന ഉദ്‌ഘാടനത്തിന്‍െറ ശേഷിപ്പുകളും അലങ്കാരങ്ങളുമാണ്‌ എങ്ങും. സ്‌റ്റീല്‍ തൂണുകളില്‍ വിവിധ നിറങ്ങളിലുള്ള പതാകകള്‍ പാറുന്നു. പൂക്കളുടെയും ചെടികളുടെയും അത്‌ഭുത ലോകമാണ്‌ സെഞ്ച്വറി പാര്‍ക്ക്‌. നിലംപറ്റി നില്‍ക്കുന്ന ചെടികളിലെ പൂക്കള്‍ വലിയൊരു കാര്‍പ്പെറ്റ്‌ വിരിച്ചതുപോലുണ്ട്‌. പാര്‍ക്കിലെ ഓരോ കുന്നിനും ഓരോ നിറമാണ്‌. മഞ്ഞയും നീലയും ചുവപ്പും വെള്ളയും നിറമാര്‍ന്ന കുന്നുകള്‍. പൂക്കള്‍തന്നെയാണ്‌ ഈ നിറപ്പകിട്ട്‌ കുന്നുകള്‍ക്ക്‌ നല്‍കുന്നത്‌. മുന്‍പെങ്ങും കണ്ടിട്ടില്ലാത്തതരം അപൂര്‍വ പുഷ്‌പങ്ങള്‍ സെഞ്ച്വറി പാര്‍ക്കിലുണ്ട്‌. പൂര്‍ണമായും കമ്പ്യൂട്ടറിന്‍െറ സഹായത്തോടെ ഡിസൈന്‍ ചെയ്‌ത ഉദ്യാനമാണത്‌.
കൃത്രിമമായി നിര്‍മ്മിച്ച ഒഴുകുന്ന പൂന്തോട്ടം, സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന വേദികള്‍, ചൈനയുടെ പാരമ്പര്യം വ്യക്‌തമാക്കുന്ന കള്‍ച്ചറല്‍ വില്ലേജുകള്‍ എന്നിവയെല്ലാം പാര്‍ക്കിലുണ്ട്‌. ബാറ്ററികൊണ്ട്‌ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ സഞ്ചരിച്ചാലേ ഉദ്യാനം പൂര്‍ണമായും കണ്ടുതീര്‍ക്കാനാവൂ. പാര്‍ക്കില്‍ നിറയെ ജനങ്ങള്‍. കൂടുതലും ചൈനക്കാര്‍ തന്നെ. പാശ്‌ചാത്യ വസ്‌ത്രഭ്രമമുള്ള ചൈനയുടെ പുതുതലമുറ ഉദ്യാനത്തിലൂടെ ഉല്ലസിച്ചു നടക്കുന്നത്‌ ഒരുകാഴ്‌ചതന്നെയാണ്‌. 1991 ലെ ടിയാനെന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ത്ഥി വിപ്ലവത്തിനുശേഷം ചൈനയ്‌ക്കുണ്ടായ മാറ്റം പാര്‍ക്കിലെത്തിയ ജനങ്ങളില്‍ കണ്ടറിയാനാവും.
പാര്‍ക്കിന്‍െറ പ്രധാന കവാടത്തില്‍ വലിയൊരു ബോര്‍ഡുണ്ട്‌. ബീജിംഗ്‌ ഒളിമ്പിക്‌സ്‌ - 2008 എന്ന്‌ വലിയ അക്ഷരങ്ങളില്‍ എഴുതിവച്ചിരിക്കുന്നു. ചൈനയ്‌ക്ക്‌ ഒളിമ്പിക്‌സ്‌ ലഭിക്കുമെന്ന്‌ അന്ന്‌ ഉറപ്പായിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
എങ്കിലും 2008 ലെ ഒളിമ്പിക്‌സ്‌വേദി ചൈനതന്നെ എന്ന്‌ ഉറപ്പിച്ചമട്ടിലാണ്‌ അവരുടെ പ്രവര്‍ത്തനം.
സെഞ്ച്വറിപാര്‍ക്കിന്‍െറ കവാടത്തില്‍ ധാരാളം ഉദ്യോഗസ്‌ഥരുണ്ട്‌. സഞ്ചാരികള്‍ക്കായി എന്തുസഹായവും ചെയ്യാന്‍ സദാ സന്നദ്ധരായവര്‍.
ഞാനവരോട്‌ ചോദിച്ചു,
`2008 ലെ ഒളിമ്പിക്‌സ്‌ ചൈനയ്‌ക്ക്‌ ലഭിക്കുമെന്ന്‌ എന്താണ്‌ ഉറപ്പ്‌?'
അവര്‍ ആവേശംകൊണ്ടു:
`ഞങ്ങള്‍ക്ക്‌ ആത്‌മവിശ്വാസമുണ്ട്‌. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുകയാണ്‌. ഒളിമ്പിക്‌സ്‌ അധികാരികള്‍ വന്നുകാണട്ടെ. ചൈനയേക്കാള്‍ നന്നായി ഒളിമ്പിക്‌സിനുവേണ്ടി ഒരുങ്ങിയ വേറെ ഏത്‌ രാജ്യമുണ്ട്‌ ലോകത്ത്‌?'
അമിതമായ ആത്‌മവിശ്വാസം ആ ഉദ്യോഗസ്‌ഥരില്‍ പ്രകടമായിരുന്നു. വെറുമൊരു പ്രതീക്ഷയില്‍ മാത്രം സര്‍വസജ്ജമായിരിക്കുന്നു ബീജിംഗും ഷാങ്‌ഹായുമെല്ലാം!
റെയില്‍വേപോലും ഒളിമ്പിക്‌സ്‌ ലക്ഷ്യമിട്ട്‌ നവീകരിച്ചുകഴിഞ്ഞു. ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനുകളും ട്രെയിന്‍ സര്‍വീസും ഒരു ജര്‍മ്മന്‍ കമ്പനിയാണ്‌ നടത്തുന്നത്‌. ഇത്രയേറെ സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞ ഒരു രാജ്യത്തിന്‌ ഒളിമ്പിക്‌സ്‌ നല്‍കാതിരിക്കുന്നതെങ്ങനെ എന്നാണ്‌ സെഞ്ച്വറി പാര്‍ക്കിലെ ഉദ്യോഗസ്‌ഥര്‍ ആവേശത്തോടെ ചോദിക്കുന്നത്‌.
അത്‌ ശരിയാണുതാനും.
ചൈനയുടെ വളര്‍ച്ചയും അതിന്‍െറ സ്‌പീഡും ശ്രദ്ധേയമാണ്‌. ആസൂത്രണ വൈഭവവും ലക്ഷ്യബോധവും പ്രശംസാര്‍ഹവും.
തലസ്‌ഥാനനഗരമായ ബീജിംഗ്‌ കൂടി സന്ദര്‍ശിച്ച്‌ ഞാന്‍ നാട്ടില്‍ തിരിച്ചെത്തി. ആറുമാസം കഴിഞ്ഞപ്പോള്‍ പത്രങ്ങളില്‍ ആ വാര്‍ത്ത വന്നു:
2008- ലെ ഒളിമ്പിക്‌സിന്‌ വേദിയായി ചൈനയെ തെരഞ്ഞെടുത്തിരിക്കുന്നു.