കെനിയയിലെ `സ്വീകരണം'

ഇരുഭാഗത്തും എ.കെ. 47 തോക്ക്‌ ധാരികളായ ഭടന്മാര്‍. അവരുടെ നടുവില്‍ വി.ഐ.പി പരിവേഷത്തോടെ ഞാന്‍. കിഴക്കനാഫ്രിക്കന്‍ രാജ്യമായ കെനിയയുടെ തലസ്‌ഥാനനഗരത്തിലൂടെ ഈ വിധം നടന്നുപോയത്‌ ഇന്നും രസകരമായൊരു ഓര്‍മ്മയാണ്‌.
ദക്ഷിണാഫ്രിക്ക, കെനിയ തുടങ്ങിയ നാടുകളിലൂടെ ആഴ്‌ചകള്‍ നീണ്ട ഒരു സഞ്ചാരമാണ്‌ നടത്തിയത്‌. അതിന്‍െറ ആദ്യദിനത്തിലായിരുന്നു മുകളില്‍ പറഞ്ഞ സംഭവം.
മുംബൈയില്‍നിന്ന്‌ പുറപ്പെട്ട കെനിയന്‍ എയര്‍വേയ്‌സിന്‍െറ വിമാനത്തിലാണ്‌ ഒരു പുലര്‍കാലത്ത്‌ കെനിയന്‍ തലസ്‌ഥാനമായ നെയ്‌റോബിയില്‍ ഇറങ്ങുന്നത്‌. പിറ്റേന്ന്‌ മസായ്‌മാര എന്ന വനപ്രദേശത്ത്‌ താമസിച്ച്‌ കാട്ടിലെ കാഴ്‌ചകള്‍ ഷൂട്ട്‌ ചെയ്യാനായിരുന്നു തീരുമാനം. ആദ്യദിനത്തില്‍ പ്രത്യേകിച്ച്‌ പരിപാടിയൊന്നുമില്ല.
ആകെ നരച്ച ഒരു നഗരമാണ്‌ നെയ്‌റോബി. നഷ്‌ടപ്രതാപത്തിന്‍െറ ഓര്‍മ്മകളുമായി നിലകൊള്ളുന്ന വന്‍നഗരം. രാവിലെ എയര്‍പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാന്‍ ടൂര്‍ കമ്പനി അയച്ച വാന്‍ എത്തിയിട്ടുണ്ടായിരുന്നു. വാതിലുകള്‍ ഇളകിയാടി ഒച്ചയുണ്ടാക്കുന്ന പഴഞ്ചനൊരു വാന്‍. അതിലെ കാപ്പിരി ഡ്രൈവര്‍ എന്നെ ഹോട്ടലില്‍ കൊണ്ടുചെന്നാക്കി. `680' എന്നുപേരുള്ള വലിയൊരു ഹോട്ടല്‍. അവിടേക്കുള്ള യാത്രാമധ്യേ ടൂര്‍ കമ്പനിയുടെ ഓഫീസ്‌ ഡ്രൈവര്‍ കാണിച്ചുതന്നു. അതിന്‍െറ മുന്നില്‍ `ബെസ്‌റ്റ്‌ ക്യാമ്പിംഗ്‌ ടൂര്‍ ' എന്ന്‌ ബോര്‍ഡ്‌ കണ്ടു. `കെനിയാത്ത അവന്യു'വിലാണ്‌ അത്‌. അതിനടുത്തുതന്നെയാണ്‌ ഹോട്ടല്‍ 680.
ലഗേജെല്ലാം മുറിയില്‍വച്ച്‌ കുളിച്ച്‌ ഫ്രഷായി മുറിയില്‍നിന്നിറങ്ങി. ഏത്‌ നഗരത്തില്‍ ചെന്നാലും അവിടുത്തെ തെരുവുകാഴ്‌ചകള്‍ ക്യാമറയില്‍ പകര്‍ത്തിവയ്‌ക്കുന്നത്‌ ഒരു ശീലമാണ്‌. പതിവുപോലെ ക്യാമറയുമായിത്തന്നെയായിരുന്നു നടപ്പ്‌.
വൃത്തികുറഞ്ഞ തെരുവ്‌. കാപ്പിരിക്കൂട്ടങ്ങള്‍ അങ്ങിങ്ങ്‌ വെടിപറഞ്ഞ്‌ നില്‍ക്കുന്നു. വഴിയോരത്ത്‌ കളിപ്പാട്ടങ്ങളും പഴങ്ങളും മറ്റും നിരത്തിവച്ച്‌ വില്‍ക്കുന്നവരുണ്ട്‌. പണിയൊന്നുമില്ലാതെ, മതിലിന്‍മേല്‍ കാല്‍തൂക്കിയിട്ടിരിക്കുന്ന കാപ്പിരി യുവാക്കള്‍ എന്നെ തുറിച്ചുനോക്കി. ദൂരെയെത്തുവോളം അവരുടെ കണ്ണുകള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു.
നടന്നുനടന്ന്‌ ടൂര്‍ കമ്പനിയുടെ ഓഫീസില്‍ എത്തി. വാതില്‍ക്കല്‍ എ.കെ. 47 തോക്കുമായി യൂണിഫോംധാരികളായ കാപ്പിരികള്‍ കാവല്‍ നില്‍ക്കുന്നു.
ക്യാമറയുമായി ഏതോ വഴിയിലൂടെ നടന്നുവന്ന എന്നെ കാവല്‍ക്കാര്‍ വിരട്ടി. ദീര്‍ഘമായ ചോദ്യം ചെയ്യലായിരുന്നു പിന്നീട്‌. ഞാന്‍ വിവരങ്ങളൊക്കെ പറഞ്ഞു. ഒടുവില്‍ അവരിലൊരാള്‍ ഇന്‍റര്‍കോം വഴി അകത്തുള്ളവരുമായി സംസാരിച്ചു. മറുപടി അനുകൂലമായിരുന്നിരിക്കാം. വാതില്‍ തുറന്ന്‌ അവരെന്നെ അകത്തേക്ക്‌ നയിച്ചു. രണ്ടാംനിലയിലെ ഇടുങ്ങിയ വഴി അവസാനിക്കുന്നത്‌ ജയിലറപോലെ അഴികളിട്ട ഒരു ചെറിയ മുറിയുടെ മുന്നിലാണ്‌.
അഴികള്‍ക്കപ്പുറം ഒരു പെണ്ണ്‌ ഇരിക്കുന്നുണ്ട്‌. അവളുടെ വകയായുമുണ്ടായി വിശദമായ ചോദ്യം ചെയ്യല്‍.
ഞാന്‍ ശരിക്കും അമ്പരന്നു.
കെനിയയില്‍ അതിഥിയായെത്തിയ ഒരു വിദേശിയാണ്‌ ഞാന്‍. ഈ ടൂര്‍കമ്പനിയുടെ സേവനം വിലകൊടുത്തുവാങ്ങുന്ന ഉപഭോക്‌താവ്‌. എന്തിനാണ്‌ ഈ സുരക്ഷാക്രമീകരണങ്ങള്‍? എന്തിനാണ്‌ ഈ ചോദ്യം ചെയ്യല്‍?
ഒടുവില്‍ പെണ്ണ്‌ എണീറ്റുപോയി. താക്കോലുമായി വന്നു. ഓഫീസ്‌ അകത്തുനിന്നു ഭദ്രമായി അടച്ചുപൂട്ടിയിരിക്കുകയാണ്‌. അത്‌ തുറന്ന്‌ എന്നെ അകത്തുപ്രവേശിപ്പിച്ചശേഷം വീണ്ടും അടച്ചുപൂട്ടി.
ടൂര്‍കമ്പനിയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍ നര്‍ഗീസ്‌ എന്നുപേരുള്ള ഒരു സ്‌ത്രീയാണ്‌. എന്നെ കണ്ടപാടേ, ആക്രോശിച്ചുകൊണ്ട്‌ അവര്‍ ചാടിയെണീറ്റു.
``നിങ്ങള്‍ എന്തു ധൈര്യത്തിലാണ്‌ ഈ ക്യാമറയുമായി തെരുവിലൂടെ ഇവിടേക്ക്‌ വന്നത്‌? ഇത്ര സ്വതന്ത്രനായി നടക്കാന്‍ നിങ്ങള്‍ ആരാണ്‌? ഇത്‌ ഏതാണ്‌ സ്‌ഥലമെന്നറിയില്ലേ?''
ശകാരം നീണ്ടുപോയി.
അപരാധിയെപ്പോലെ ഞാന്‍ നിന്നു. എന്താണ്‌ എന്റെ തെറ്റ്‌ എന്ന്‌ അപ്പോഴും മനസ്സിലായില്ല.
നര്‍ഗീസ്‌ പരുഷമായി തുടര്‍ന്നു.
``ഇവിടെ നിങ്ങള്‍ ഞങ്ങളുടെ അതിഥിയാണ്‌. നിങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ സമാധാനം പറയേണ്ടത്‌ ഞങ്ങളാണ്‌.''
അപ്പോഴേക്കും ഒരാള്‍കൂടി രംഗത്ത്‌ എത്തി. ഒരു അന്‍പതുകാരന്‍.
നര്‍ഗീസിനെ ന്യായീകരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു.
``നോക്കൂ സുഹൃത്തേ. ഇത്‌ നെയ്‌റോബിയാണ്‌. പോക്കറ്റടിക്കും കൊള്ളയ്‌ക്കും വേണ്ടിയുള്ള കൊലപാതകങ്ങളുടെ ലോക തലസ്‌ഥാനം. വാച്ചോ മാലയോ വളയോപോലും ധരിച്ച്‌ നെയ്‌റോബിയുടെ തെരുവിലൂടെ ആരും നടക്കാറില്ല.
അതൊക്കെ കണ്ടാല്‍ അക്രമികളായ കറുത്തയുവാക്കള്‍ നേരെവന്ന്‌ പിടിച്ചുവാങ്ങും. എതിര്‍ക്കുന്നവരുടെ ജീവന്‍പോകും. ഈ തെരുവില്‍ ദിവസേന രണ്ട്‌ ജഡമെങ്കിലും വീഴുന്നുണ്ട്‌. ഈ അവസ്‌ഥയിലാണ്‌ വാച്ചും ക്യാമറയുമൊക്കെയായി തെരുവിലൂടെ നിങ്ങള്‍...''
ഞാന്‍ വിയര്‍ത്തു
അപകടത്തെക്കുറിച്ച്‌ ഇപ്പോഴാണ്‌ ബോധവാനാകുന്നത്‌.
തെരുവില്‍ എന്നെ പിന്തുടര്‍ന്നിരുന്ന കാപ്പിരിക്കണ്ണുകളെ ഓര്‍ത്തു.
നര്‍ഗീസ്‌ തണുത്തു. മേശയ്‌ക്കുള്ളില്‍ ഒരു ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ചിരിക്കുന്ന തന്‍െറ ആഭരണങ്ങള്‍ അവര്‍ എനിക്ക്‌ കാട്ടിത്തന്നു.
``നോക്കൂ, ഞങ്ങള്‍പോലും ഇതൊന്നും ധരിച്ച്‌ നടക്കാറില്ല.''
കെനിയന്‍ തലസ്‌ഥാനത്തെ അക്രമങ്ങളെപ്പറ്റി അവര്‍ രണ്ടുപേരും ഒരു മണിക്കൂറോളം എന്നോട്‌ സംസാരിച്ചു.
ഒടുവില്‍ നര്‍ഗീസ്‌ പറഞ്ഞു
``നിങ്ങളുടെ ക്യാമറ ഇവിടെ ലോക്കറില്‍ വയ്‌ക്കുന്നതാണ്‌ നല്ലത്‌. കെനിയയില്‍ നിന്ന്‌ മടങ്ങുമ്പോള്‍ തിരികെ എടുക്കാം.''
എനിക്ക്‌ ചിരിയാണ്‌ വന്നത്‌.
ക്യാമറയില്ലെങ്കില്‍ പിന്നെന്ത്‌ സഞ്ചാരം? എന്‍െറ ദൗത്യമെന്തെന്ന്‌ ഞാനവരെ പറഞ്ഞു മനസ്സിലാക്കി.
നര്‍ഗീസ്‌ ഇന്ത്യന്‍ വംശജയാണ്‌. പണ്ടെങ്ങോ ഗുജറാത്തില്‍ നിന്നും നെയ്‌റോബിയിലെത്തിയതാണ്‌ അവരുടെ മുന്‍തലമുറക്കാര്‍. ആദ്യത്തെ ദേഷ്യമൊക്കെ മാറിയപ്പോള്‍ അവര്‍ സ്‌നേഹമയിയായ ഇന്ത്യക്കാരിയായി.
കേരളത്തിലുള്ള എന്‍െറ ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍ നളിനി കുറച്ചു സുഗന്‌ധവ്യഞ്‌ജനങ്ങളൊക്കെ നര്‍ഗീസിനായി തന്നയച്ചിരുന്നു. ആ പൊതി കൈമാറിയപ്പോള്‍ അവരുടെ സ്‌നേഹം ഇരട്ടിച്ചു.
ഒരു ചായ വന്നു.
അടുത്തദിവസത്തെ യാത്രാപരിപാടികളൊക്കെ തയാറാക്കി, ടിക്കറ്റുകള്‍ വാങ്ങി ഹോട്ടലിലേക്ക്‌ മടങ്ങുമ്പോള്‍ നര്‍ഗീസ്‌ നിര്‍ദ്ദേശിച്ചു.
`ഇന്ന്‌ ഏതായാലും ഈ ക്യാമറയുമായി തെരുവിലൂടെ പോകേണ്ട. ആക്രമികള്‍ നോട്ടമിട്ടിട്ടുണ്ടാകും.'
അവര്‍തന്നെ ഒരു പോളിത്തീന്‍ കവര്‍ സംഘടിപ്പിച്ചു.
ക്യാമറ അതില്‍ പൊതിഞ്ഞെടുത്തു.
നര്‍ഗീസ്‌ തന്‍െറ സഹായിയെ വിളിച്ച്‌ എന്തോ നിര്‍ദ്ദേശം നല്‍കി.
അങ്ങനെയാണ്‌ യന്ത്രത്തോക്കുധാരികളായ രണ്ടുപേര്‍ എന്‍െറ കാവല്‍ക്കാരായത്‌. എന്നെയവര്‍ ഹോട്ടല്‍വരെ അനുഗമിച്ചു.
കെനിയന്‍ സന്ദര്‍ശനമൊക്കെ പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ്‌ പത്രങ്ങളില്‍ ആ വാര്‍ത്ത വന്നത്‌. നെയ്‌റോബിയിലെ കെനിയാത്ത അവന്യുവില്‍ പിടിച്ചുപറിക്കാരുടെ വെടിയേറ്റ്‌ ഒരാള്‍ മരിച്ചു. മരിച്ചത്‌ ഒരു മലയാളി വൈദികനായിരുന്നു. അതുകൊണ്ടാണ്‌ നമ്മുടെ പത്രങ്ങള്‍ക്ക്‌ അത്‌ വാര്‍ത്തയായത്‌!